ചിരിലോകത്തെ നിറസാന്നിദ്ധ്യമായിരുന്ന സിനിമ താരം കലിംഗ ശശി അന്തരിച്ചു.

ചിരിലോകത്തെ നിറസാന്നിദ്ധ്യമായിരുന്ന സിനിമ താരം കലിംഗ ശശി അന്തരിച്ചു.

Apr 7, 2020 SKS



പ്രശസ്ത സിനിമ താരം കലിംഗ ശശി (59) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വി. ചന്ദ്ര കുമാര്‍ എന്നാണ് യഥാര്‍ത്ഥ പേര്. സ്വതസിദ്ധമായ ഭാഷാശൈലിയിലൂടെ അദ്ദേഹം പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റി. ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് ശശി കലിംഗ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുക്കുന്നത്.



ഇരുപത്തിയഞ്ച് വര്‍ഷത്തോളം നാടകരംഗത്ത് പ്രവര്‍ത്തിച്ചു. 500-ലധികം നാടകങ്ങളില്‍ അഭിനയിച്ച അദ്ദേഹം 1998ലാണ് ശശി ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തുന്നത്. തകരച്ചെണ്ട'യെന്ന സിനിമയില്‍ ആക്രിക്കച്ചവടക്കാരനായ പളനിച്ചാമിയായിട്ടായിരുന്നു അരങ്ങേറ്റം. തുടര്‍ന്ന്, അവസരങ്ങള്‍ ലഭിക്കാതെവന്നപ്പോള്‍ നാടകത്തിലേക്ക് തിരിച്ചുപോയി. പിന്നീട് 'പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ' എന്ന രഞ്ജിത്ത് ചിത്രത്തിലൂടെ വീണ്ടും വെളളിത്തിരയില്‍ തിരിച്ചെത്തി.


ഇരുന്നൂറ്റിയമ്പതില്‍പ്പരം സിനിമകളില്‍ വേഷമിട്ടു. സഹദേവന്‍ ഇയ്യക്കാട് സംവിധാനംചെയ്ത 'ഹലോ ഇന്ന് ഒന്നാം തിയ്യതിയാണ്' സിനിമയില്‍ നായകനുമായി. കേരളാകഫേ,പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ്, ഇന്ത്യന്‍ റുപ്പി,ആമ്മേന്‍, അമര്‍ അക്ബര്‍ ആന്റണി,വെള്ളിമൂങ്ങ, ആദമിന്റെ മകന്‍ അബു തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.


കോഴിക്കോട് കുന്നമംഗലത്ത് ചന്ദ്രശേഖരന്‍ നായരും സുകുമാരിയമ്മയും ആണ് മാതാപിതാക്കൾ . പ്രഭാവതിയാണ് ഭാര്യ.


COMMENTS




More News