സഖാക്കളും സഖാക്കളെ അറിയേണ്ടവരും കണ്ടിരിക്കേണ്ട ചിത്രം -
സഖാവ്: നിരൂപണം (Malayalam Movie SAKHAVU-Review)by TV Sajith
*******************************************************************************
ഒരു സഖാവ് എങ്ങനെയായിരുന്നു, എങ്ങനെയായിരിക്കണം എന്ന് പുതുതലമുറയിലെ കുട്ടിസഖാക്കൾക്കും മറ്റു പാർട്ടിക്കാർക്കും മനസ്സിലാക്കിക്കൊടുക്കുന്ന ഒരു ക്ലാസിക് മൂവി എന്ന് സഖാവിനെ വിശേഷിപ്പിക്കാം.
തികച്ചും കമ്മ്യൂണിസ്റ്റ്ഫിലിം. തുടക്കത്തിലുള്ളവിപ്ലവഗാനത്തോടെയുള്ള ടൈറ്റിലിലൂടെ കമ്മ്യൂണിസ്റ്റ്ചരിത്രം നമ്മെ ഓർമ്മപ്പെടുത്തുന്നു. കൊച്ചൌവ്വ പൌലോ അയ്യപ്പ കൊയ് ലോയയ്ക്ക് ശേഷം സിദ്ധാർഥ് ശിവ ഒരുക്കിയ ഈ ചിത്രത്തിൽ നിവിൻ പോളിയെന്ന അഭിനേതാവിൻറെ നാല് ഭാവതലങ്ങൾ കാണാം. ഇതിൽ എസ്.എഫ്.കെയുടെ ജില്ലാ നേതാവായ കൃഷ്ണകുമാറെന്ന കോമഡി കഥാപാത്രത്തിലൂടെ കഥ തുടങ്ങുന്നു. സന്തതസഹചാരിയായ മഹേഷും ആദ്യപകുതി നിറഞ്ഞ് നിൽക്കുന്നു. അൽത്താഫെന്ന തുടക്കക്കാരൻ ഗംഭീരമാക്കിയിട്ടുണ്ട്. കുറുക്ക് വഴിയിലൂടെ എങ്ങനെ നേതാവാകാം എന്ന് കൃഷ്ണകുമാർ കൂട്ടുകാരനെ പഠിപ്പിച്ച് കൊടുക്കുന്നു. 1-2-3-4 ആയി. ഇതുപോലെത്തന്നെയാണോ ഈ കാലഘട്ടത്തിലെ സഖാക്കളും എന്ന് നമ്മെ ചിന്തിപ്പിക്കുവാനും ഇതിലൂടെ സംവിധായകന് സാധിച്ചിട്ടുണ്ട്.
പാർട്ടിഓഫീസിൽ നിന്നുള്ള നിർദ്ദേശാനുസരണംരക്തദാനത്തിന് ആശുപത്രിയിൽ എത്തുന്നതോട് കൂടി എസ്.എഫ്.കെയുടെ കൃഷ്ണകുമാറിൽ നിന്ന് സഖാവ് കൃഷ്ണൻ എന്ന പഴയകാല സഖാവിൻറെ കഥയിലെക്ക് നമ്മെ എത്തിക്കുന്നു. കഥ ഫ്ലാഷ് ബാക്കിലൂടെയാണ് പറഞ്ഞ് വരുന്നത്. ഐ.സി.യുവിൽ കിടക്കുന്ന സഖാവ് കൃഷ്ണൻറെ ഭൂതകാലം ആശുപത്രിയിലുള്ളസഖാവിൻറെ കൂട്ടുകാരനും, സഖാവിൻറെ മകളിലൂടെയും, ഭാര്യയിലൂടെയും കൃഷ്ണകുമാർ മനസ്സിലാക്കുന്നു. ഫ്ലാഷ്ബാക്ക് പറഞ്ഞ് തുടങ്ങുന്നത് പഴയകാലത്ത് സഖാവ് കൃഷ്ണൻറെ ശത്രുവും പിന്നീട് മിത്രവുമായ കഥാപാത്രമായ പ്രഭാകരൻ ഈരാളിയാണ്. അനുഗ്രഹീത കലാകാരനായ കുതിരവട്ടം പപ്പുവിൻറെ മകൻ ബിനു പപ്പു ആണ് ഈ വേഷം ഭംഗിയായി നിർവ്വഹിച്ചത്. സഖാവ് കൃഷ്ണൻറെ ഭാര്യ ജാനകിയായി ഐശ്വര്യ രാജേഷും, മകളായി അപർണ്ണ ഗോപിനാഥും അഭിനയിച്ചിരിക്കുന്നു. ഇവർക്കൊപ്പം ഐശ്വര്യ എന്ന കഥാപാത്രവുമായി ഗായത്രി സുരേഷും ഉണ്ട്. ഈ കഥാപാത്രത്തിനും, ശ്രീനിവാസൻ ചെയ്ത ഡോക്ടർ കഥാപാത്രത്തിനുംസിനിമയിൽ അവശ്യകത ഇല്ലെന്ന് തോന്നിയേക്കാം.
ഫ്ലാഷ്ബാക്കിൽ, കോട്ടയം ജില്ലാകമ്മറ്റിയുടെ നിർദ്ദേശാനുസരണംപീരുമേട്ടിലെത്തുകയും, തോട്ടം തൊഴിലാളികളുടെ നേതാവാകുകയും പിന്നീടുള്ള സംഭവവികാസങ്ങളുംആദ്യ പകുതിയിൽ അധികം ബോറടിപ്പിക്കാതെകാണിക്കുന്നു. പഴയകാലം ഒരു പ്രത്യേക കളർടോണിൽ ക്യാമറമാൻ ജോർജ്ജ് സി വില്യംസ് നൽകിയത് മലയാള സിനിമയ്ക്ക് ഒരു പുത്തൻ അനുഭവമാണ്. തേക്കുംപാറ എസ്റ്റേറ്റും പാർട്ടിപ്രവർത്തനവും അടിയും ഇടിയും വിപ്ലവും മാറി സഖാവ് കൃഷ്ണനെറെ ഇപ്പോഴത്തെ ജീവിമാണ് സിനിമയുടെ അവസാനഭാഗത്ത് കാണിക്കുന്നത്. അവസാനഭാഗത്ത് എത്തുന്പോൾ സാമൂഹികപ്രതിബന്ധതയുള്ള ഒരു വിഷയം കൂടി സംവിധായകനും രചിയിതാവുമായ സിദ്ധാർത്ഥ് ശിവ ചേർത്തിട്ടുണ്ട്.
സഖാവ് കൃഷ്ണൻറെ രണ്ട് ഘട്ടവും നിവിൻ പോളി ഭംഗിയായി ചെയ്തിട്ടുണ്ട്.എസ്.കെ.കെയുടെ ജില്ലാ നേതാവായ കൃഷ്ണകുമാറെന്ന കോമഡി കഥാപാത്രമായും അഭിനയിച്ചെങ്കിലും മൂന്നിലും ഒരു സാമ്യത വന്നിട്ടുണ്ട്. നിവിൻപോളിയുടെ ഇടങ്കൈ പ്രയോഗം. രണ്ടു വ്യത്യസ്ഥ കൃഷ്ണനും നിവിനാണ് അഭിനയിക്കുന്നെങ്കിൽ കൂടി ആക്ഷൻ രംഗങ്ങളിലൊക്കെ ഈ സാമ്യത എടുത്ത് കാണിക്കുന്നു.
ജേക്കബിൻറ സ്വർഗ്ഗരാജ്യം കഴിഞ്ഞ് ഒരുവർഷത്തിനു ശേഷം എത്തിയ നിവിൻ പോളി ചിത്രം എന്ന നിലയ്ക്ക് നിവിൻപോളി ഫാൻസ്കാർക്ക് ആഘോഷം ആക്കുവാനുള്ള മാസ് പടമൊന്നുമല്ല സഖാവ്. തികച്ചും ഒരു ക്ലാസിക് പടം. അത് സംവിധായകൻറെ പടം എന്നും വേർതിരിച്ച് പറയാൻ വയ്യ. തികച്ചും കമ്മ്യൂണിസ്റ്റ്പടം. എങ്കിലും, നിവിൻ പോളി ആരാധകർക്ക് ആകാംക്ഷയ്ക്ക് വക നൽകികൊണ്ടാണ് സിനിമ അവസാനിക്കുന്നത്. ഒരു നിവിൻ പോളി മാസ് സിനിമയ്ക്കായ്. രണ്ടാം ഭാഗത്തിന് ഒരു നല്ല സാധ്യത സഖാവ് അവസാനിക്കുന്നിടത്ത് സംവിധായകൻ നൽകുന്നു.
101 ചോദ്യങ്ങൾക്കും,ഐനും നാഷണൽ അവാർഡ് ലഭിച്ച സിദ്ധാർഥ് ശിവയുടെ പേര് എന്നും മലയാളികളുടെ മനസ്സിൽ നിലനിൽക്കും സഖാവിലൂടെ.
അതുപോലെ, വക്കാലത്ത് നാരായണൻ കുട്ടി, മലയാളിമാമനു വണക്കം, ഞാൻ സൽപ്പേര് രാമൻകുട്ടി, രാത്രിമഴ, വൺ ബൈ ടു ചിത്രങ്ങൾ നിർമ്മച്ചെങ്കിലും സഖാവെന്ന ഈ വിജയചിത്രത്തോടെബി. രാഗേഷെന്ന നിർമ്മാതാവിനും അഭിമാനിക്കാം മലയാളത്തിന് ഇതുപോലെ ഒരു ക്ലാസിക് സിനിമ നൽകിയതിന്.
സിനിമയിൽ ഉടനീളം ശ്രദ്ധിക്കപ്പെടുക വിഷ്വൽസാണ്. തമിഴിൽ നിന്നും രാജാറാണി, കത്തി, തെരി തുടങ്ങിയ ചിത്രത്തിന് ക്യാമറ ചലിപ്പിച്ച് സഖാവിൻറെ ഫ്രെയിംസ് മലയാളത്തിന് സമ്മാനിച്ച ജോർജ്ജ് സി വില്യംസ്. പഴയ സഖാക്കളുടെ കാലം മനസ്സിൽ പതിഞ്ഞത് ആ ക്യാമറ ളിലൂടെയാണ്.
പ്രേക്ഷകപ്രശംസ പിടിച്ചു പറ്റിയ ആമേൻ, അങ്കമാലി ഡയറീസ് എന്നിവയുടെ ബാക്ഗ്രൌണ്ട് സ്കോർ ചെയ്ത പ്രശാന്ത് പിള്ള ശരിക്കും ഒരു വിപ്ലവ സിനിമയുടെ അനുഭവം സമ്മാനിച്ചിട്ടുണ്ട് (ബോംബെ മാർച്ച് 12, 5 സുന്ദരികൾ, സഖറിയയുടെ ഗർഭിണികൾ, മണി രത്നം, ചന്ദ്രേട്ടൻ എവിടെയാ, ഡബിൾ ബാരൽ, റോക് സ്റ്റാർ, അനുരാഗ കരിക്കിൻ വെള്ളം എന്നിവയുടെ പശ്ചാത്തല സംഗീതവും ചെയ്തിട്ടുണ്ടെങ്കിൽ കൂടി). പ്രശാന്ത് പിള്ള സംഗീതം നൽകിയ ബിജിബാൽ പാടിയ “ലോകം എങ്ങും ഉള്ള സകല മർത്ത്യരും…” എന്നു തുടങ്ങുന്ന വിപ്ലവമൂഡ് ഗാനവും (ടൈറ്റിലിൽ ഉപയോഗിച്ചത്), “മധു മധു മധുമതിയെ നിന്നെ കാണാൻ എന്ത് രസം…”എന്ന ഗാനവും, സിതാര കൃഷ്ണകുമാറും വൈക്കം വിജയലക്ഷ്മിയും ചേർന്നാലപിച്ച “ഉദിച്ചുയർന്നേ മല കടന്ന്…” എന്ന ഗാനവും ഗംഭീരമായിട്ടുണ്ട്.
അതുപോലെ, സഖാവെന്ന സിനിമയുടെ കലാസംവിധാനമികവും പ്രശംസനീയമാണ്. സാബു മോഹൻ എന്ന കലാസംവിധായകൻ സഖാവെന്ന സിനിമയ്ക്കായി പഴയകാലവും പുതിയകാലവും സിനിമയ്ക്കായി കഥയ്ക്കനുയോജ്യമായി സൃഷ്ടിച്ചിട്ടുണ്ട്.
വസ്ത്രാലങ്കാരം കൈകാര്യം ചെയ്ത ധന്യാ ബാലകൃഷണന് ഒന്നുരണ്ടിടങ്ങളിൽ ശ്രദ്ധിക്കാൻ പറ്റിയില്ലെങ്കിലും സിനിമയുടെ പൂർണ്ണതയിൽ തൻറെതായ പങ്ക് വഹിക്കാൻ സാധിച്ചു (പഴയകാല പോലീസ്കാർക്കിടയിൽ കടന്നുകൂടിയ നെയിംപ്ലേറ്റോടുകൂടിയ പുതിയപോലീസ് യൂണിഫോമും, ഹെഡ് മിസ്ട്രസ് ആയ രശ്മി ബോബൻറെ വസ്ത്രവും പഴയകാലത്തിന് യോജിച്ചതായി തോന്നിയില്ല). ടേക്ക് ഓഫിലെയും സഖാവിലേയും വസ്ത്രാലങ്കാരവും ധന്യയ്ക്ക് മറ്റു ഭാഷകളിലേക്കും വഴിതെളിക്കുമെന്നുറപ്പാണ്.
എഡിറ്റിംഗ് നിർവ്വഹിച്ച വിനീബ് കൃഷ്ണനും തൻറെ റോൾ ഭംഗിയായി നിർവ്വഹിച്ചിട്ടുണ്ട്.. സഖാവ് കൃഷ്ണൻ പീരുമേടിൽ എത്തിയശേഷമുള്ള തേയിലത്തോട്ടത്തിൻറെ പുത്തൻടോണിലുള്ളഷോട്ട് പഴയകാലത്തിനിടയിൽ അരോചകമായി തോന്നി. ഒപ്പം നിഷാന്ത് സാഗറിൻറെ ടോണിയെന്ന കഥാപാത്രത്തിൻറെകഥാപാത്രവുമായുള്ള സംഘട്ടനത്തിൽ സഖാവ് കൃഷ്ണൻറെ ഡ്രൈവറിൻറ അസാന്നിധ്യം (ക്യാമറാമാനും സംവിധായകനും പങ്കുണ്ടെങ്കിൽകൂടി). എഡിറ്റിംഗിൽ പ്രകടമായി. വിനീബ് സഖാവിനെ കൂടുതൽ വലിച്ചു നീട്ടാതെ 2 മണിക്കൂറും 44 മിനിട്ടാക്കി നൽകി.
ഇനി കഥാപാത്രങ്ങളിലേക്ക് വന്നാൽ മുഴുനീള കഥാപാത്രം എന്ന് പറയാനായി മൂന്ന് പേരെയേ കാണാൻ സാധിക്കൂ. കൃഷ്ണൻമാരായി നിറഞ്ഞു നിന്ന നിവിനും, മഹേഷും (അൽത്താഫ്), ഇ.കെ പ്രഭാകരർ ഈരാളി (ബിനു പപ്പു) എന്നിവർ. അൽത്താഫും നിവിൻറെ കൃഷ്ണകുമാറുമൊരുമിച്ചുള്ള ദീർഘമായ കോന്പിനേഷൻ സീനുൾ ഇടയ്ക്ക് പ്രേക്ഷകരെ വെറുപ്പിക്കുന്നുണ്ട്.
പ്രഭാകരൻ ഈരാളിയെന്ന എസ്.ഐയിൽ നിന്നും സഖാവ് കൃഷ്ണൻറെ ഉറ്റ ചങ്ങാതിയിലെത്തുന്പോഴുള്ള ബിനു പപ്പുവിൻറെ വോയിസ് മോഡുലേഷനും ബോഡി ലാഗ്വേജും എടുത്തു പറയേണ്ട ഒന്നു തന്നെയാണ്. രണ്ടു കഥാപാത്രവും ഒരാൾ തന്നെയാണെന്ന് തിരിച്ചറിയാൻ പറ്റാത്തവിധം അഭിനയിച്ച് നമ്മെ അത്ഭുതപ്പെടുത്തുന്നു. ഈ കഥാപാത്രത്തിലൂടെയാണ് സഖാവ് കൃഷ്ണൻറെ ഭൂതകാലം നമ്മെ പരിചയപ്പെടുത്തുന്നത്. ആഷിഖ് അബുവിൻറെ റാണീ പത്മിനിക്ക് ശേഷം ലഭിച്ച ഈ കഥാപാത്രം ബിനു പപ്പുവിൻറെ കരിയറിൽ ഒരു ബ്രേക്കാകും എന്നുറപ്പാണ്.
ജാനകിയുടെ രണ്ട് കാലഘട്ടം ഐശ്വര്യ രാജേഷും, മകൾ നീതിയായി അപർണ്ണ ഗോപിനാഥും, ഐശ്വര്യ ആയി ഗായത്രി സുരേഷും സ്ത്രീകഥാപാത്രങ്ങളായി വന്നെങ്കിലും, മേക്ക് അപ് ചെയ്ഞ്ചിലൂടെ ഐശ്വര്യ രാജേഷ് മലയാളത്തിലെ അഭിനയം ഭംഗിയാക്കി. തമിഴിൽ കാക്കാ മുട്ടൈയിലൂടെ തമിഴരുടെ മനസ്സിൽ ഇടംനേടിയപോലെ ജോമോൻറെ സുവിശേഷം എന്ന സിനിമയോടൊപ്പം ചേർന്ന് സഖാവിലൂടെ മലയാളികളുടെ മനസ്സിലും ഇടം നേടാനായി.
ജമ്നാപ്യാരിക്കും,കരിങ്കുന്നം സിക്സസിനും,ഒരേമുഖത്തിനും, ഒരു മെക്സിക്കൻ അപാരതക്ക് ശേഷം വന്ന ഈ കമ്മ്യൂണിസ്റ്റ്ചിത്രത്തിൽ അഭിനയസാധ്യത ഇല്ലെങ്കിൽ കൂടി തൻറെതായ റോൾ ജാനകിയുടെ മകളായി വന്ന അപർണ്ണാ ഗോപിനാഥിനൊപ്പം ഭംഗിയാക്കി. എ.ബി.സി.ഡി, ചാർളി, സ്ക്കൂൾ ബസ് തുടങ്ങിയ ചിത്രത്തിനൊപ്പംഎടുത്തുപറായാനില്ലെങ്കിലും അപർണ്ണയ്ക്കും സഖാവിൻറെ ഭാഗമാകാൻ പറ്റിയതിൽ അഭിമാനിക്കാം.
മണിയൻപിള്ള രാജു (ലേബർ ഓഫീസർ), ശ്രീനിവാസൻ (ഡോക്ടർ), പ്രേംകുമാർ (പാർട്ടി സെക്രട്ടറി), വി.കെ പ്രകാശ്, രൺജി പണിക്കർ, ചാലി പാല (എസ്.ഐ), കൃഷ്ണപ്രസാദ് (വക്കീൽ), കലാഭവൻ റഹ്മാൻ (തട്ടുകടക്കാരൻ), സീമ ജി നായർ (ജാനകിയുടെ അമ്മ), ശ്രീലക്ഷ്മി (കൃഷ്ണകുമാറിൻറെഅമ്മ) എന്നീ പ്രധാന നടീ നടന്മാർ ചെറുതെങ്കിലും സഖാവെന്ന വിപ്ലവ സിനിമയ്ക്കുള്ള അവരുടേതായ പങ്ക് വഹിച്ചിട്ടുണ്ട്. ഒപ്പം കൃഷ്ണകുമാറിൻറെ കൂട്ടുകാരനായ രാജീവ് ആയി സൂരജ് എസ് കുറുപ്പും.
ഇവരെക്കൂടാതെ തങ്ങൾക്ക് കിട്ടിയ വേഷം ഭംഗിയായി ചെയ്ത് സഖാവ് കണ്ടിറങ്ങിയാലുംമനസ്സിൽ നിന്നും പോകാത്ത ചില കഥാപാത്രങ്ങളുണ്ട്. ഏഷ്യാനെറ്റ് കുങ്കുമപ്പൂവ് ഫെയിം ഷെല്ലി കിഷോർ (മായ) ആണ് ഒരാൾ. മായ എന്ന കഥാപാത്രത്തിൻറെഅച്ഛനായ (പേര് ഹരീന്ദ്രനാഥ് ആണോ എന്നറിയില്ല) കഥാപാത്രത്തിൻറെഅഭിനയം മനസ്സിൽ തട്ടുന്നതായിരുന്നു. ഇതുപോലെ കാവാലം പട്ടരായി വന്ന സാക്ഷാൽ പി. ബാലചന്ദ്രനും. അതുപോലെ, ഗരുഡൻ കങ്കാണിയെന്ന കഥാപാത്രമായി വന്ന ബൈജുവിനും. ഗരുഡൻ കങ്കാണിയെന്ന പേര് എന്നും ബൈജുവിന് ഇരട്ടപ്പേരായി മാറിയേക്കാം. അത്രയ്ക്ക് മനോഹരമായിരുന്നുആ രൂപമാറ്റുവും സംസാരരീതിയും.
ജാനകിയുടെ അച്ഛനായി ജീവിച്ച അരിസ്റ്റോ സുരേഷും, ഗുണ്ടയായ ബെന്നിയായി പെർഫോം ചെയ്ത അനൂപ് പന്തളവും പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ചു.
സഖാവ് കൃഷ്ണനോടൊപ്പമുള്ള സഖാവ് ഭാസ്കരൻ (പ്രൊഫ. അലിയാർ), സഖാവ് ദാസൻ (സുധീഷ്), സഖാവ് സെന്തിൽ (സന്തോഷ് കീഴാറ്റൂർ), സഖാവ് ബഷീർ (മുസ്ഥഫ), സഖാവ് എൽദോ (രാകേന്ദു) എന്നിവർ നിവിനോളം സീനുകളിൽ നിറഞ്ഞു നിന്നു.ഇതിൽ മുസ്തഫയെ എടുത്തു പറയാതിരിക്കാൻ വയ്യ. രണ്ട് കാലഘട്ടത്തിലേയും കഥാപാത്രങ്ങളുടെപൂർണ്ണത 100 ശതമാനവും വരുത്തിയിട്ടുണ്ട്.
സഖാവ് കൃഷ്ണന് എതിരാളി ആയ കന്പനി മാനേജർ കഥാപാത്രത്തിന് ജീവൻ നൽകിയ ടോണി ലൂക്കയും, സഖാവ് കൃഷ്ണനും ഒടുവിൽ കൃഷ്ണകുമാറിന് എതിരാളി ടോണിയായി അതിഗംഭീര പ്രകടനം നടത്തി നിഷാന്ത് സാഗറും സഖാവ് എന്ന ചിത്രത്തെ പ്രേക്ഷകമനസ്സിനെ കീഴടക്കി.
വലിയ ചിത്രങ്ങൾ വന്നാലും സഖാവിനുള്ള പ്രേക്ഷകർ സഖാവിനു തന്നെയുണ്ടാകും.കാരണം, കണ്ടില്ലെങ്കിൽ നഷ്ടമാകുന്ന പടം അല്ല. എങ്കിലും കണ്ടിരിക്കേണ്ട ഒരു ക്ലാസ് മൂവി തന്നെയാണ് സഖാവ്. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം എത്തിയ നിവൻപോളിയുടെ ഫാൻസിനെ പൂർണ്ണമായും തൃപ്തിപ്പെടുത്തിയോ എന്ന സംശയം ഉണ്ട്. അത് മുതലാക്കുവാൻ സിദ്ധാർത്ഥ് ശിവയ്ക്കും സാധിച്ചിട്ടില്ല. അധികം ബോറടിപ്പിക്കാതെ, രണ്ട് മണിക്കൂറും നാല്പത്തഞ്ച് മിനിട്ടോളം ആസ്വദിക്കാവുന്നപടം.
പഴയകാലത്തേക്ക് ഒരു തിരിച്ച് പോക്ക്, സമകാലിക വിഷയങ്ങളെ തൊട്ടുള്ള ഒരു ചിത്രം.
ഭാവിയിലേക്കുള്ളപ്രതീക്ഷ – ആകാംക്ഷ. ഇതാണ് സഖാവ്.
ചില കഥാപാത്രങ്ങൾ അഭിനയിക്കുന്നതായും, ജീവിക്കുന്നതായും തോന്നിയേക്കാവുന്ന പക്കാ കമ്മ്യൂണിസ്റ്റ്സിനിമ.
കാണാം, കൊടുക്കുന്ന കാശ് മുതലാക്കിക്കൊണ്ട്.
===============================================
നിരൂപണം- ടി.വി സജിത്,
Contact Mail: tvsajith@gmail.com
Conact Number: 09847030405
Visit: www.facebook.com/karippode